കൊറോണ വൈറസിന്റെ പുതിയ വകഭേദം; മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത; രാത്രി കർഫ്യൂ

മുംബൈ: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നിലവിൽ വരുന്ന കർഫ്യൂ ജനുവരി 5 വരെ തുടരും. മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലുമാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. .

യൂറോപ്പിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർ‌ക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. മറ്റുള്ളവർ സമാനമായ ഹോം ക്വാറന്റീൻ പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇറ്റലിയിലും ഓസ്ട്രേലിയയിലും പുതിയ വൈറസ് എത്തിയെന്ന് സ്ഥിരീകരിച്ചു. സൗദിയും കുവൈത്തും അതിർത്തി അടച്ചു. ഒമാനിൽ ചൊവ്വാഴ്ച അതിർത്തി അടയ്ക്കും.