കൊറോണ വാക്സിൻ ആവശ്യപ്പെട്ട് 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി ഡോ വി കെ പോൾ

ന്യൂഡെൽഹി: കൊറോണ വാക്സിൻ നൽകണമെന്ന ആവശ്യവുമായി 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന് ആയോഗ് അംഗം ഡോ വി കെ പോൾ. ഉന്നത മന്ത്രിതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം, വാക്സിൻ ലഭ്യമായി കഴിഞ്ഞാൽ ആദ്യം വാക്സിനേഷന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറായി വരികയാണ്.

രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച രണ്ടു കോടിയോളം ആളുകൾക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.

ഇതിനു പിന്നാലെ, 50 വയസ്സിനു മുകളിൽ പ്രായമുള്ളതും മറ്റു ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ 220 മില്യൺ ആളുകൾക്കും വാക്സിൻ വിതരണം ചെയ്യുമെന്ന് നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ മന്ത്രിതല യോഗത്തെ അറിയിച്ചിട്ടുണ്ട്. വി.കെ പോളാണ്‌ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷന്റെ അധ്യക്ഷൻ.

യോഗത്തിൽ നിലവിൽ രാജ്യത്ത് നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ പുരോഗതി വിലയിരുത്തി. മാത്രമല്ല, രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളെ കുറിച്ചും വാക്സിൻ ലഭ്യതയെ കുറിച്ചും സംഭരണത്തെ കുറിച്ചുമുള്ള വിശദാംശങ്ങളും യോഗത്തിൽ വി കെ പോൾ വിശദീകരിച്ചു.