കോട്ടയം: കൂറുമാറ്റനിരോധന നിയമപ്രകാരം പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കി ഇരട്ടത്തിരിച്ചടി നൽകാൻ ജോസ് വിഭാഗത്തിൻ്റെ നീക്കം. ഇതിനായി പിജെ ജോസഫിനും മോൻസ് ജോസഫിനുമെതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ സിപിഎമ്മിൽ സമ്മർദവുമായി ജോസ് പക്ഷം രംഗങ്ങത്തിറങ്ങി.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പരാതിയിൽ ഉടൻ തീരുമാനമെന്ന ആവശ്യവുമായി സിപിഎം നേതാക്കളെ കണ്ട ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയനെയും വിവരം ധരിപ്പിച്ചതായാണ് സൂചന. ഇരുവർക്കുമെതിരെ നടപടിയുണ്ടായാൽ ജോസഫ് വിഭാഗത്തെ കൂടുതൽ ദുർബലപ്പെടുത്താൻ കഴിയുമെന്നാണ് ജോസ് കെ മാണി സിപിഎം നേതൃത്വത്തെ അറിയിച്ചത്.
നിലവിൽ സ്പീക്കറുടെ മുന്നിലാണ് പരാതി. ഇരുകൂട്ടരുടെയും വിശദീകരണം കേൾക്കാൻ ഈ മാസം 22, 23 തീയതികളിൽ സ്പീക്കർ സിറ്റിങ്ങും നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇത് അനുകൂലമാണെന്ന് അവകാശപ്പെടുന്ന ജോസ് വിഭാഗം നേതാക്കൾ, ഇരുവർക്കുമെതിരെ നടപടിക്ക് കഴിയുമെന്ന് തങ്ങൾക്ക് നിയമോപദേശം ലഭിച്ചതായും വ്യക്തമാക്കുന്നു.
മോൻസിനെ അയോഗ്യനാക്കിയാൽ കടുത്തുരുത്തി നിയമസഭ മണ്ഡലം അനായാസം പിടിച്ചെടുക്കാമെന്നും ഇവർ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പഴയ പാലാ നിയമസഭ മണ്ഡലത്തിൻ്റെ നാലു പഞ്ചായത്തുകൾ കടുത്തുരുത്തിയിലാണ്. ജോസ് കെ മാണി പ്രത്യേക ശ്രദ്ധ നൽകിയ കടുത്തുരുത്തി നിയമസഭ മണ്ഡലത്തിനു കീഴിലെ രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ഇവർ വിജയിച്ചിരുന്നു.
രാജ്യസഭ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യുഡിഎഫിന് വോട്ട് ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടേതാണ് യഥാർഥ വിപ്പെന്ന് അവകാശപ്പെട്ട ഇരുകൂട്ടരും പരാതിയുമായി സ്പീക്കറെ സമീപിക്കുകയുമായിരുന്നു.
തങ്ങളുടെ പരാതി തള്ളി രാഷ്ട്രീയപ്രേരിതമായി സ്പീക്കർ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാൻ കഴിയുമെന്നതിനാൽ ആശങ്കയില്ലെന്നാണ് ജോസഫ് പക്ഷത്തിൻ്റെ നിലപാട്. നേരത്തേ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് ആർ. ബാലകൃഷ്ണപിള്ളക്കും പിസി ജോർജിനും അയോഗ്യത കൽപിച്ചിരുന്നു. ജോർജിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.