നാഗ്പൂർ: മുതിർന്ന ആർ എസ് എസ് സൈദ്ധാന്തികനും പ്രഥമ വക്താവുമായിരുന്ന എംജി വൈദ്യ (97) അന്തരിച്ചു. വൈകുന്നേരം മൂന്നരയോടെ നാഗ്പുരിലായിരുന്നു അന്ത്യം. സുഖമില്ലാതെ സ്പന്ദൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.അദ്ദേഹത്തിന്റെ മകൻ ഡോ. മൻമോഹൻ വൈദ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
1943 ലാണ് എം ജി വൈദ്യ ആർ എസ് എസിൽ ചേർന്നത്. ഡോ. ഹെഡ്ഗേവാർ മുതൽ മോഹൻ ഭാഗവത് വരെയുള്ള മേധാവികൾക്ക് കീഴിൽ പ്രവർത്തിച്ചു. സംസ്കൃത പണ്ഡിതൻ ആയിരുന്ന അദ്ദേഹം ഹിസ് ലോപ്പ് കോളേജ് അധ്യാപകനുമായിരുന്നു. മറാത്തി പ്രസിദ്ധീകരണമായ തരുൺ ഭാരതിന്റെ പത്രാധിപർ ആയിരുന്നു.
സംഘടനയുടെ അഖിലേന്ത്യ ബൗദ്ധിക് പ്രമുഖ് ആയും പ്രവർത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് നാഗ്പുരിലെ ശ്മശാനമായ അംബസാരി ഘട്ടിലാണ് മൃതദേഹം സംസ്കരിക്കുക. മഹാരാഷ്ട്ര നിയമ നിർമാണ കൗൺസിലിലേക്കും നാഗ്പുർ സർവകലാശാല സെനറ്റിലേക്കും അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. സുനന്ദയാണ് ഭാര്യ. ഡോ മൻമോഹൻ വൈദ്യ ഉൾപ്പെടെ എട്ടു മക്കളുണ്ട്.