ജനതാദള്‍ എസ് പിളർന്നു; സംസ്ഥാന ഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി കെ നാണു വിഭാഗം പ്രമേയം

തിരുവനന്തപുരം : ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്. സംസ്ഥാന ഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി കെ നാണു വിഭാഗം വിളിച്ച യോഗത്തില്‍ പ്രമേയം. നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്. നടപടി അസാധുവാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുമായുള്ള ബന്ധം ഇനി തുടരാനില്ലെന്നും സി കെ നാണു വിഭാഗം വ്യക്തമാക്കിയതോടെയാണ് പാർട്ടി പിളർന്നത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്, പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് നാണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകത്തെ ദേവഗൗഡ പിരിച്ചു വിട്ടതെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് വ്യക്തമാക്കി. ഒരു ഗൂഡാലോചനയുടെ ഭാഗമായാണ് പിരിച്ചു വിടല്‍ നടപടി. അതിനാല്‍ തന്നെ അസാധുവാണെന്ന് വ്യക്തമാക്കി സമാന്തര കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി.

ജനതാദള്‍ എന്ന പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമായ നിലപാടാണ് ദേവഗൗഡ ഇപ്പോള്‍ സ്വീകരിക്കുന്നത്. ദേവഗൗഡ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്നില്ല. ദേവഗൗഡയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ദേശീയ നേതൃത്വവുമായി ബന്ധം തുടരണമെങ്കില്‍ ദേവഗൗഡയെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പാര്‍ട്ടി കുടുംബസ്വത്താക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗത്തില്‍ മുന്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് പറഞ്ഞു. ജെഡിഎസ് സംസ്ഥാനപ്രസിഡന്റ് മാത്യു ടി തോമസിനും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സി കെ നാണു അധ്യക്ഷനായ സംസ്ഥാന ഘടകത്തെ പിരിച്ചു വിട്ട് മാത്യു ടി തോമസിനെ സംസ്ഥാന പ്രസിഡന്റ് ആയി നിയമിച്ചതോടെയാണ് ജെഡിഎസില്‍ പ്രതിസന്ധി രൂക്ഷമായത്.