നടിയെ ഹൈപ്പർമാർക്കറ്റിൽ അപമാനിച്ച പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിടാൻ പോലീസ്

കൊച്ചി: ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിടാനൊരുങ്ങുന്നൂ.
പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നൽകാതെയാണ് പ്രതികൾ അകത്തേയ്ക്ക് കടന്നിരിക്കുന്നത്. ഇതോടെ ഇത് വഴിയുള്ള അന്വേഷണവും മുടിങ്ങിയത്തോടെയാണ് ചിത്രങ്ങൾ പുറത്ത് വിടാൻ പോലിസ് തീരുമാനിച്ചിരിക്കുന്നത്.

പ്രതികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഇത് വഴി പ്രതികളെ കണ്ടെത്താൻ കഴിയുമെന്നാണ് കരുതിയിരുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൂടി നിർദേശം ആരാഞ്ഞ ശേഷമായിരിക്കും ചിത്രങ്ങൾ പുറത്തു വിടുകയെന്ന് ചുമതലയുള്ള കളമശേരി സിഐ സന്തോഷ് അറിയിച്ചു.

പ്രതികൾ മെട്രോ ട്രെയിനിൽ മാളിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആലുവ മുട്ടം ജങ്ഷനിൽ നിന്ന് കയറിയ ഇവർ തിരികെ പോയതും മുട്ടം ജങ്ഷനിൽ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്.
ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾ പുറത്തു വിടാനുള്ള പൊലീസ് തീരുമാനം.

പ്രതികൾ മാളിനുള്ളിൽ കടക്കുമ്പോൾ പ്രവേശന കവാടത്തിൽ ഫോൺ നമ്പരും പേരും നൽകുന്നതിനു പകരം മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ പ്രതികൾ മനപ്പൂർവം ദുരുദ്ദേശത്തോടെ മാളിനുള്ളിൽ കടന്നുവെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.