ഫാഷന്‍ ഷോ പോലെ അല്ല തെരഞ്ഞെടുപ്പ് നേരിട്ടത്; സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുന്നതായി വിബിത ബാബു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താൻ വ്യക്തിഹത്യ ചെയ്യപ്പെടുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി വിബിത ബാബു. ഫേയ്സ്ബുക്ക് ലൈവിൽ വന്നാണ് തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വ്യാജ വിഡിയോയിലൂടെയും മറ്റും താൻ കടുത്ത വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുംവിബിത വ്യക്തമാക്കി. പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു വിബിത.

പരാജയം സമ്മതിച്ചു തന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും എന്നെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളും മെസേജുകളുമാണ് വരുന്നത്. ജനങ്ങൾക്കിടയിൽ ഇറങ്ങിപ്രവർത്തിക്കാനുള്ള അവസരം മികച്ച രീതിയിലാണ് ഞാന്‍ ഉപയോഗിച്ചത്. വ്യാജവിഡിയോ ഇട്ട് അപമാനിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും വിബിത ചോദിക്കുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഞാനൊരു ഫാഷന്‍ ഷോ പോലെ അല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞാൻ മത്സരിച്ച ഡിവിഷനിലെ എല്ലാ വീടുകളും കയറി ഇറങ്ങി. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താൻ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. പ്രമുഖരായ എത്രയോ പേർ പരാജയപ്പെട്ടു. എന്നിട്ടും തനിക്ക് നേരെ മാത്രം ഇത്ര അധികം അക്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഒരു സ്ത്രീ പോലും രാഷ്ട്രീയത്തിലേക്ക് വരരുതെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്.

എന്റെ മുഖവുമായി രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്ന വിഡിയോ ഉണ്ടാക്കി. എന്നിട്ട് നടന്നു കാണിക്കുകയാണ്. എന്തിനാണ് തന്നോട് ഇത്തരത്തിൽ വൈരാഗ്യം കാട്ടുന്നത്. വിബിത വിഡിയോയിൽ പറഞ്ഞു.1477 വോട്ടുകൾക്കാണ് താൻ മല്ലപ്പളി ഡിവിഷനിൽ പരാജയപ്പെട്ടതെന്നും 16,257 വോട്ടുകൾ താൻ നേടിയിരുന്നുവെന്നും ആ വോട്ടുകൾ ചെയ്തവർക്ക് വിലയില്ലേ എന്നും വിബിത ചോദിക്കുന്നുണ്ട്.

താൻ എല്ലാവർക്കുമായി നിലനിൽക്കുന്ന വ്യക്തിയാണെന്നും ആരൊക്കെ എന്ത് ആവശ്യവുമായി സമീപിച്ചാലും തന്റെ കഴിവിനൊത്ത് അവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുന്ന ആളാണ്. തനിക്കൊരു കുടുംബമുണ്ട്. ഭർത്താവും കുട്ടിയും മാതാപിതാക്കളും ഉണ്ട്. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും വിബിത പറഞ്ഞു.