ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടയാളെ ജയിലില്‍ അടയ്ക്കാൻ കോടതി

ന്യൂഡെൽഹി: ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ചെന്നൈ സ്വദേശിയെ ജയിലില്‍ അടക്കാൻ ഉത്തരവിട്ട്‌ കോടതി. ബി ടെക് ബിരുദധാരിയായ മുഹമ്മദ് നാസറിനെയാണ് തടവിലാക്കാന്‍ ഉത്തരവിട്ടത്.
ഏഴ് വര്‍ഷം വരെ തടവും , 40,000 രൂപ പിഴയുമാണ് ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതി ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്.

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2015 ലാണ് നാസറിനെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീകര സംഘടനയ്‌ക്കൊപ്പം ചേര്‍ന്ന് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്‌തെന്ന് ആയിരുന്നു കണ്ടെത്തല്‍.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ചെന്നൈയില്‍ നിന്നും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് വൻ പദ്ധതി പൊളിഞ്ഞത്.