പാലായിൽ ജോസ് വിഭാഗത്തിന് നേട്ടം ഉണ്ടാക്കാനായില്ല; പാലായിൽ മൽസരിക്കും: മാണി സി കാപ്പൻ; വിട്ടുവീഴ്ചയില്ലെന്ന് എൻസിപിയും

കോട്ടയം: പാലായിൽ പിടിമുറുക്കി എൻസിപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് മുന്നണിയുടെ വിജയമാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അങ്ങനെ ആര്‍ക്കും അവകാശപ്പെടാനാകില്ലെന്നും എൻസിപി നേതൃത്വം വ്യക്തമാക്കി. അസംബ്ലി തെരഞ്ഞെടുപ്പിൽ കിട്ടിയ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ ഉണ്ടാക്കാനായിട്ടില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു. പാലാ വിട്ട് ഒരു കളിക്കും ഇല്ല.

ഏത് സാഹചര്യത്തിലും പാലാ വിട്ടു കൊടുക്കുന്ന പ്രശ്നം എൻസിപിക്ക് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും മാണി സി കാപ്പന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. മുന്നണി മാറ്റമൊക്കെ ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

പാലായെ ചൊല്ലി ജോസ് കെ മാണി വിഭാഗവുമായി ഒരു തുറന്ന പോരിന് പോലും മടിക്കില്ലെന്ന മുന്നറിയിപ്പാണ് എൻസിപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എൻ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരൻ കൊച്ചിയിൽ വ്യക്തമാക്കിയത്. പാലാ എൻ സി പി യുടെ സീറ്റാണ്, അവിടെ നിന്ന് ജയിച്ചത് എൻസിപിയാണ്, മാറിക്കൊടുക്കണമെന്ന് ആരും അവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യം പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ടിപി പീതാംബരൻ പറഞ്ഞു.