ന്യൂഡെൽഹി: കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് സമീപം ആത്മഹത്യ ചെയ്ത സിഖ് പുരോഹിതൻ ബാബ രാംസിങിൻ്റെ മൃതദേഹം സംസ്‍ക്കരിക്കില്ല. സമരത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തത്. കർഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ.
ഹരിയാനയിലെ ഗുരുദ്വാരയിൽ തന്നെ മൃതദേഹം സൂക്ഷിക്കും. അതേസമയം ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാനാകുമോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു.
റോഡ് ഉപരോധിച്ച് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതിഷേധിക്കാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടർന്നാൽ ഡെൽഹിയിലെത്തിയാൽ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കാനാകുമോ എന്നാണ് കേന്ദ്ര സർക്കാരിനോട് ചോദിച്ചത്.