ഭക്ഷ്യകിറ്റ് മറയാക്കി അഴിമതി ആരോപണം പ്രതിരോധിച്ചു; ഇനി പിണറായി ഇറങ്ങുന്നു പര്യടനവുമായി

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ഇടതു ജയം മുതലാക്കി വീണ്ടും ഭരണം പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിന്. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന പിണറായി ഗെസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചു ജില്ലകളിലെ സാമൂഹിക സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ‍ഡിഎഫിന്റെ നിയമസഭാ പ്രകടനപത്രികയ്ക്കു രൂപം നൽകുക.

ഇത്തരമൊരു പര്യടനം നടത്താൻ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ തുടർഭരണം ഉറപ്പാക്കും വിധമാണു അടുത്ത ഘട്ടംപ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയിൽ ബജറ്റ് സമ്മേളനം ചേരുമ്പോൾ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിനു മുൻപായി ജില്ലാ പര്യടനം പൂർത്തിയാക്കും.

സർക്കാരിന്റെ നടപടികളും പദ്ധതികളും വൻ പ്രചാരണം കൊടുത്ത് അവതരിപ്പിക്കാനായത് നേട്ടമായി സിപിഎം കണക്കാക്കുന്നു. കൊറോണക്കാലത്തും ഇത്തരം ആസൂത്രിത നടപടികളിലൂടെ അഴിമതി ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ സിപിഎമ്മിനും സർക്കാരിനുമായി. അഴിമതി ആരോപണങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽ ഭക്ഷ്യകിറ്റ് വിതരണമെന്ന തന്ത്രത്തിലൂടെ പ്രതിരോധം തീർക്കാനായി.

ഈ ജനക്ഷേമപദ്ധതികൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന ഇടതുപ്രചാരണം ലക്ഷ്യംനേടിയതിന്റെ സൂചനയായി ഫലത്തെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തിയായ പ്രചാരണതന്ത്രത്തിനാണ് തീരുമാനം. മുഖ്യമന്ത്രി തന്നെ ഇതിനു മുൻകയ്യെടുക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപും പിണറായി വിജയൻ ജില്ലകളിലൂടെ സഞ്ചരിച്ചു സാമൂഹിക സാംസ്കാരിക പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.