കൊല്‍ക്കത്ത: മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ ഉടനടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് വിട്ടയയ്ക്കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാഹാനവ്യൂഹത്തിന് നേരെ ആക്രമണം നടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിച്ചിരിക്കുന്നത്.
ഡയമണ്ട് ഹാര്‍ബര്‍ എസ്പി ഭോലാനാഥ് പാണ്ഡെ, പ്രസിഡന്‍സി റേഞ്ച് ഡിഐജി പ്രവീണ്‍ ത്രിപാഠി, സൗത്ത് ബംഗാള്‍ എഡിജിപി രാജീവ് മിശ്ര എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഐപിഎസ് കേഡര്‍ റൂള്‍ 6(1) പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സര്‍വീസില്‍ പുതിയ നിയമനങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം മടക്കി അയയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭോലാനാഥ് പാണ്ഡെയെ പൊലീസ് റിസര്‍ച്ച് ആന്റ് ഡെവല്പ്‌മെന്റ് ബ്യൂറോ എസ്പി ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. ശശ്ത്ര സീമ ബാല്‍ ഡിഐജി ആയിട്ടാണ് പ്രവീണ്‍ ത്രിപാഠിക്ക് നിയമനം. രാജീവ് മിശ്രയ്ക്ക് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഐജിയായാണ് നിയമനം.
അതേസമയം, എപിഎസ് ഓഫീസര്‍മാരെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരിന് എതിരെ രൂക്ഷ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. കേന്ദ്ര നടപടി 1954ലെ ഐപിഎസ് വ്യവസ്ഥയുടെ ദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമാണെന്ന് മമത പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറലും ഐപിഎസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതുമാണ് എന്നും മമത ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നാണംകെട്ട നിഴല്‍ യുദ്ധത്തെ തങ്ങള്‍ അംഗീകരിച്ചു തരില്ലെന്നും മമത പറഞ്ഞു.