നാൽപത്തിനാല് വർഷങ്ങൾക്ക് ശേഷം ചന്ദ്രനിൽനിന്നുള്ള പദാർഥങ്ങൾ ഭൂമിയിൽ; ചങ്അ 5 തിരിച്ചെത്തി

ബെയ്ജിങ്: ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളും പൊടിപടലങ്ങളുമായി ചൈനയുടെ ബഹിരാകാശയാനം ഭൂമിയിലെത്തി. നാൽപത്തിനാല് കൊല്ലങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽനിന്നുള്ള പദാർഥങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്.

മംഗോളിയ മേഖലയിലെ സിസ്സിവാങ് ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ബഹിരാകാശയാനം ലാൻഡ് ചെയ്തു. ഓർബിറ്റർ മോഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ഭൗമാന്തരീക്ഷത്തിൽ അതീവ വേഗത്തിൽ പ്രവേശിച്ച വാഹനം വേഗം കുറച്ച ശേഷമാണ് പാരച്യൂട്ടുകളുടെ സഹായത്തോടെ ലാൻഡ് ചെയ്തത്.

ചങ്അ 5 ദൗത്യത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് നാല് വാഹനഭാഗങ്ങൾ ചന്ദ്രനിലിറങ്ങി രണ്ട് കിലോഗ്രാമോളം സാംപിളുകൾ ശേഖരിച്ചിരുന്നു. ചന്ദ്രന്റെ മേൽപാളിയുടെ രണ്ട് മീറ്റർ( ആറടിയോളം) ആഴത്തിൽ തുരന്ന് ശേഖരിച്ച പദാർഥങ്ങളും സാംപിളുകളിൽ പെടുന്നു. ഇവ ഒരു കണ്ടെയ്നറിനുള്ളിലാക്കി സീൽ ചെയ്ത ശേഷമാണ് ഭൂമിയിലെത്തിച്ചത്.

കനത്ത മഞ്ഞ് മൂടിയ മംഗോളിയൻ പ്രദേശത്ത് ബഹിരാകാശയാനം എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ഹെലികോപ്ടറുകളും മറ്റ് വാഹനങ്ങളുമായി റിക്കവറി സംഘം ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിൽ തയ്യാറെടുത്ത് കാത്ത് നിലയുറപ്പിച്ചിരുന്നു.

ചന്ദ്രനിൽനിന്ന് ഇപ്പോൾ ശേഖരിച്ച സാംപിളുകൾ 1976-ൽ സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യമായ ലൂണ 24 ശേഖരിച്ച സാംപിളുകളേക്കാൾ കോടിക്കണക്കിന് വർഷം കാലപ്പഴക്കം കുറഞ്ഞതാണെന്നാണ് നിഗമനം. ഓഷ്യനസ് പ്രൊസല്ലാറം(Oceanus Procellarum) എന്ന് ഗവേഷകർ വിളിക്കുന്ന ചന്ദ്രഭാഗത്ത് നിന്നുള്ള സാംപിളുകളാണ് ഇപ്പോൾ ഭൂമിയിലെത്തിച്ചിട്ടുള്ളത്. ഈ ഭാഗത്ത് മുമ്പ് അഗ്നിപർവതങ്ങൾ സജീവമായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

നവംബർ 23-നായിരുന്നു ചങ്അ 5 ദൗത്യം ആരംഭിച്ചത്. ചന്ദ്രനിലേക്കുള്ള ചൈനയുടെ മൂന്നാമത്തെ ദൗത്യമായിരുന്നു ഇത്. ചൈനയുടെ ബഹിരാകാശ പദ്ധതികളിൽ ചാന്ദ്രദൗത്യങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ചന്ദ്രനിൽ മനുഷ്യരെ എത്തിക്കുക, ചന്ദ്രനിൽ നിലയം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ചൈനയ്ക്കുണ്ട്. ചൊവ്വയിലേക്കുള്ള റോബോട്ടിക് ദൗത്യം, സ്ഥിരം ബഹിരാകാശ നിലയം തുടങ്ങി ചൈനയുടെ ഭാവി ബഹിരാകാശപദ്ധതികൾക്ക് ചങ്അ 5 ദൗത്യത്തിന്റെ വിജയം കൂടുതൽ ഊർജം പകരും.