ഒടുവിൽ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് രവീന്ദ്രൻ രാവിലെ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പുള്ള നോട്ടീസിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിക്കാനിരിക്കെയാണ് രവീന്ദ്രൻ ഹാജരായത്.

കഴിഞ്ഞ മൂന്ന് തവണയും കൊറോണ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊറോണ ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.

സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.

താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് കൊറോണാനന്തര അസുഖങ്ങള്‍ ഉണ്ട്. അതിനാല്‍ കൂടൂതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു. പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചു.

സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ അറിവോടെയാണെന്ന് കേസിലെ പ്രതി സ്വപ്ന അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. രവീന്ദ്രന്റെ വടകരയിലെ ബിനാമി സ്ഥാപനങ്ങളിലെ ആസ്തി വകകളെക്കുറിച്ചും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.