ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ലാറ്റുടമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമ നൽകിയ മുൻകൂ‍ർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സാരികൾ കൂട്ടിക്കെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി താഴെ വീണ് പരിക്കേറ്റ് മരിച്ചത്. അന്യായമായി തടങ്കലിൽ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഫ്ലാറ്റുടമയായ അഭിഭാഷകൻ ഇംതിയാസിനെ പൊലീസ് പ്രതിചേർത്തത്. ഒളിവിൽപ്പോയതിന് പിന്നാലെയാണ് അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

മുൻകൂറായി ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്‍റെ പേരിലാണ് ഇംത്യാസ് അഹമ്മദ്, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണാണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി മരിച്ചത്. ഫ്ലാറ്റ് ഉടമയും അഭിഭാഷകനുമായി ഇംത്യാസ് അഹമ്മദ് ജോലിക്കെന്ന പേരിൽ കുമാരിയെ തമിഴ്നാട്ടിൽ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലിൽ വെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.

മുൻകൂർ ആയി വാങ്ങിയ പതിനായിരം രൂപ തിരിച്ചു നൽകാത്തതിന്‍റെ പേരിലാണ് കുമാരിയെ ഇംത്യാസ് തടങ്ങലിൽ വെച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കടലൂരിൽ നിന്ന് കൊച്ചിയിലേക്ക് ജോലിക്കായി വരുന്ന സമയം വീട്ടാവശ്യത്തിനായി പതിനായിരം രൂപ കുമാരി മുൻകൂറായി വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ നാലിന് ഭർത്താവ് ശ്രീനിവാസന്‍റെ ആവശ്യപ്രകാരം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് ഇംത്യാസിനെ കുമാരി അറിയിച്ചു. എന്നാൽ മുൻകൂർ പണം തിരികെ തന്നിട്ട് പോയാൽ മതിയെന്ന് അഭിഭാഷകൻ വാശിപിടിച്ചു. ഒടുവിൽ കടം വാങ്ങിയ എണ്ണായിരം രൂപ നാട്ടിൽ നിന്ന് കുമാരിയുടെ അക്കൗണ്ടിലേക്ക് മകൻ അയച്ചുകൊടുത്തു.

ശേഷിക്കുന്ന രണ്ടായിരം രൂപകൂടി കിട്ടിയാലെ പോകാൻ പറ്റൂവെന്ന് ഫ്ലാറ്റ് ഉടമ നിലപാട് തുടർന്നു. ഇതോടെയാണ് കുമാരി സാരികൾ കൂട്ടിക്കെട്ടി ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുതിയ അന്വേഷണ സംഘത്തിന്‍റെയോ പുനരന്വേഷണത്തിന്റെയോ ആവശ്യമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ അറയിച്ചു.