തൃശൂർ : തൃശൂരിൽ എൽഡിഎഫ് ആധിപത്യം നിലനിർത്തി. തൊട്ടുപിന്നിൽ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷച്ചതുപോലെ മുന്നേറാനായില്ല. ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂർ കോർപറേഷനിൽ 24 സീറ്റുകൾ നേടി എൽഡിഫ് ഒന്നാമതെത്തി. യുഡിഎഫിന് 23 സീറ്റേ ലഭിച്ചുള്ളു. ഭരണം ആരു പിടിക്കുമെന്ന കാര്യത്തിൽ സംശയമാണ്.
നെട്ടിശ്ശേരി ഡിവിഷനിൽ നിന്നും കോൺഗ്രസ് വിമതനായി വിജയിച്ച എംകെ വർഗീസിന്റെ നിലപാട് ഇവിടെ നിർണായകമാകും. വിമതൻ ഒപ്പം നിൽക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറയുമ്പോൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് ആധിപത്യം നിലനിർത്തി. ആകെ ഉള്ള 86 സീറ്റുകളിൽ എൽഡിഎഫ് 65, യുഡിഎഫ്- 19, എൻഡിഎ – 1, മറ്റുള്ളവർ – 1 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാപഞ്ചായത്ത് ഇത്തവണയും എൽഡിഎഫിനൊപ്പം നിന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 14 ഉം എൽഡിഎഫ് നിലനിർത്തി.മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ് ആറിൽ നിന്നും അഞ്ചിലേക്ക് ചുരുങ്ങി.
കടുത്ത മത്സരം നേരിട്ട വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ നഗരസഭകൾ എൽഡിഎഫ് നിലനിർത്തി. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തും ബിജെപി നില മെച്ചപ്പെടുത്തി.കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയെങ്കിലും പല ഇടങ്ങളിലും താഴേക്ക് പോയി.