തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും എല്‍ഡിഎഫ് അധികാരത്തിൽ വരുന്ന നിലയുണ്ടാക്കിയിരിക്കുകയാണ്. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു.
ഇത് ജനങ്ങളുടെ വിജയമാണ്. കേരളത്തെയും അതിന്‍റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ദല്ലാള്‍മാരും കുപ്രചാരകരും വലതുപക്ഷ വൈതാളികരും പ്രത്യേക ലക്ഷ്യം വെച്ചു നീങ്ങിയ കേന്ദ്ര ഏജന്‍സികളും സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയര്‍ ഉചിതമായ മറുപടിയാണ് നല്‍കിയത്.
യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞിരിക്കുന്നു. വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരുപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്നുകൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നു.
2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും കാര്യത്തില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയത്. കോര്‍പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് ജയം നേടിക്കൊണ്ട് ഇടതുപക്ഷം വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.
സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സമഗ്ര ആധിപത്യമാണ് നേടിയിട്ടുള്ളത്. എല്ലാ കാലത്തും യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പഞ്ചായത്തുകളിലും പ്രദേശങ്ങളിലും കോണ്‍ഗ്രസ് ദയനീയമാണ് പരാജയപ്പെട്ടത്. യുഡിഎഫിനെ നയിക്കുന്ന പ്രധാന നേതാക്കളുടെ തട്ടകങ്ങളില്‍ പോലും പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയക്കൊടി നാട്ടിയിരിക്കുന്നു. ഒരിക്കലും തങ്ങളെ കൈവിടില്ലെന്ന് കോണ്‍ഗ്രസ് കരുതിയ പഞ്ചായത്തുകളില്‍ ഉണ്ടായ അട്ടിമറി ആ പാര്‍ടിയുടെ, മുന്നണിയുടെ വിശ്വാസ്യത പൂര്‍ണമായും തകരുന്നതിന്‍റെ സൂചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്‍റെ നേട്ടങ്ങള്‍ തകര്‍ക്കാനും പ്രതിസന്ധികളില്‍ പ്രതിലോമ പ്രവര്‍ത്തനം നടത്താനും തയ്യാറായതിനുള്ള ശിക്ഷയാണ് അവര്‍ക്ക് ജനങ്ങള്‍ നല്‍കിയത്.
മതനിരപേക്ഷതയോടൊപ്പമാണ് കേരളത്തിന്‍റെ മനസ്സ്. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാതെ പോരാടാനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ഇവിടെ ഉള്ളത് എന്ന് കേരളജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മുന്നണിയെ ജനങ്ങള്‍ വിശ്വസിക്കുന്നു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചാരണം നടത്താനും തയ്യാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്‍റെ മനസ്സ് സഞ്ചരിക്കുന്നത്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്തുകളയാനും ചില മാധ്യമങ്ങളും ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. അസംബന്ധ പ്രചരണങ്ങൾക്ക് തരംതാണ രീതികള്‍ പിന്തുടര്‍ന്നു. അതിനും ജനങ്ങള്‍ ചെവികൊടുത്തില്ല.
കഴിഞ്ഞ നാലര വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയാണ് ഈ വിജയമെന്ന് നിശംസ്സയം പറയാം. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് തുടര്‍ച്ചയുണ്ടാവണമെന്നും ജനങ്ങളാകെ ആഗ്രഹിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ബിജെപിയുമായി രഹസ്യമായും തീവ്രവര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫേര്‍ പാര്‍ട്ടിയുമായി പരസ്യമായും ധാരണയുണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിച്ചതെന്ന് പിണറായി കുറ്റപ്പെടുത്തി.