കേരളം ആർക്കൊപ്പം; ഇനി ആകാംഷയുടെ നിമിഷങ്ങൾ; ഉച്ചയോടെ ചിത്രം വ്യക്തമാകും

കൊച്ചി: ഇനി ആകാംഷയുടെ നിമിഷങ്ങൾ. പോസ്റ്റൽ വോട്ടെണ്ണി അൽപ്പസമയത്തിനകം ഇവിഎം തുറക്കും. വോട്ട് കടലാസിലല്ല, മെഷീനിലാണ്. തുറക്കാൻ പെട്ടിയില്ല, പകരം, മെഷീൻ യൂണിറ്റുകളാണ്. ചിലർ പൊട്ടും, ചിലർ പൊട്ടിച്ചിരിക്കും.

എന്തായാലും ഉച്ചയോടെ ചിത്രം വ്യക്തമാകും. കേരളം ഇടത്തോട്ടൊ? വലത്തോട്ടൊ? എന്ന്. ജില്ലാ പഞ്ചായത്തു ഭരണം യുഡിഎഫും എൽഡിഎഫും തുല്യമായി നേടുകയോ യുഡിഎഫിനു മുൻതൂക്കം ലഭിക്കുകയോ ചെയ്യാമെന്ന് വിലയിരുത്തൽ.

പോരടിച്ച് യുഡിഎഫ് ; നേട്ടമായാൽ ഭരണവിരുദ്ധ വികാരം

സർക്കാരിൻ്റെ ഭരണത്തിലെ പോരായ്കളും അഴിമതി ആരോപണങ്ങളും ഏറെ ഉയർന്നെങ്കിലും അവയൊന്നും ഫലപ്രദമായി ജനമധ്യത്തിൽ അവതരിപ്പിക്കാനോ ബോധ്യപ്പെടുത്താനോ കഴിയാതെ നേതാക്കൾ ഈഗോ പോരിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാടുനീളെ വിമതർ അണിനിരന്നപ്പോൾ അവരെ പിന്തിരിപ്പിക്കാൻ ആരും കാര്യമായ ശ്രമം നടത്തിയില്ല.

അമിത ആത്മവിശ്വാസം മാത്രമായിരുന്നു യുഡിഎഫിന് കൈമുതൽ. പോരാത്തതിന് വർഗീയ പ്രീണനമെന്ന ഇടതുപക്ഷ പ്രചാരണത്തെ പ്രതിരോധിക്കാനാകാത്ത നേതാക്കൾ. യു ഡി എഫിന് ചെറിയ നേട്ടമുണ്ടായാൽ പോലും അത് ഭരണവിരുദ്ധ വികാരമായി കണക്കാക്കാം.

ഇടതു നേട്ടം പ്രചാരണതന്ത്രത്തിൻ്റെ വിജയം

ആഞ്ഞടിച്ച അന്വേഷണ പരമ്പരകളും അഴിമതി ആരോപണങ്ങളും സ്ഥിതി മോശമാണെന്ന് ഇടതു മുന്നണി തിരിച്ചറിച്ചു. ഘടകകക്ഷികളെ പരമാവധി തൃപ്തിപ്പെടുത്തി പ്രചാരണത്തിൽ മുന്നറി. എതിരാളികളുടെ ചെറിയ അഭിപ്രായ വ്യത്യാസം പോലും നേട്ടമാകുമെന്ന കണക്കുകൂട്ടലിൽ നീങ്ങി. വർഗീയ കക്ഷികളെ സമർഥമായി ഉപയോഗിച്ച് കൂട്ടുകൂടുമ്പോഴും മതേതരത്വം പറഞ്ഞ് വോട്ടർമാരുടെ ശ്രദ്ധ തിരിച്ചുവിട്ടു. മൊത്തത്തിൽ ഇടതിന് നേട്ടമുണ്ടാകാൻ സാധ്യത. ഈ നേട്ടത്തിൽ കരുതുന്ന ഇടതു നേതാക്കളുമുണ്ട്.

6 കോർപറേഷനുകൾ രണ്ടു മുന്നണികളും തുല്യമായി വിഭജിച്ച് എടുത്താൽ അദ്ഭുതപ്പെടാനില്ല. കോർപറേഷനുകളിൽ ബിജെപിക്കു മുൻതവണത്തെക്കാൾ കൂടുതൽ സീറ്റ് ലഭിക്കാം. മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിന് ആയിരിക്കും മുൻതൂക്കം.

നഗര മേഖലകളിൽ എൽഡിഎഫിനു കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് കുറയും. അത് യുഡിഎഫിനും ബിജെപിക്കും വീതിച്ചു പോകും. യുഡിഎഫിനും ബിജെപിക്കും സീറ്റ് കൂടുമെങ്കിലും എൽഡിഎഫിനു നേരിയ മുൻതൂക്കം നിലനിർത്താൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നു.

രാഷ്ട്രീയ നിരീക്ഷകർ , രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ എന്നിവരുമായി നടത്തിയ അവലോകനത്തിൽ വിവിധ മുന്നണികളുടെ നില ഇങ്ങനെ

ഇടതുപക്ഷത്തിന് ഗ്രാമപഞ്ചായത്തുകളിൽ 470 മുതൽ 525. യു ഡി എഫിന് 400 മുതൽ 500 വരെ ലഭിച്ചേക്കാം.
ബിജെപിക്ക് 5 മുതൽ 15 വരെ ലഭിച്ചേക്കാം. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് 4-6. എൽ ഡി.എഫ് 6-8, കോർപ്പറേഷൻ 3 – 3, മുനിസിപ്പാലിറ്റി യു ഡി എഫ് 35-45, എൽ.ഡി.എഫ്. 40-50, ബി.ജെപി – 1, ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ് 50 – 75, എൽ ഡി .എഫ് 60- 90