ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് മടങ്ങിയ കർഷകരിൽ അഞ്ച് പേർ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും അപകടത്തിൽ പരിക്കേറ്റ കർഷകർക്ക് ചികിത്സ നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. നാല് പേർ വിവിധ അപകടങ്ങളിലായും ഒരാൾ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്.
ഹരിയാനയിലെ കർണാലിൽ ട്രാക്ടർ റാലിക്കിടെ വാഹനം ട്രക്കിൽ ഇടിച്ചാണ് രണ്ട് കർഷകർ മരിച്ചത്. ഈ അപകടത്തിൽ നിന്ന് മറ്റൊരു കർഷകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 24 ഉം 50 വയസ്സുള്ള കർഷകരാണ് മരിച്ചത്. മറ്റൊരു അപകടം നടന്നത് മൊഹാലിയിലാണ്.
ഭഗോമജ്രയിൽ ട്രക്കുമായി ട്രാക്ടർ കുട്ടിയിടിച്ച് രണ്ട് കർഷകരാണ് മരിച്ചത്. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ച കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ എല്ലാവിധ സഹായവും നൽകും. പരിക്കേറ്റ കർഷകർക്ക് ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി