എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപൻ്റെ നേത്യത്വത്തിലാണ് നടപടി.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപമാണ് അപകടം ഉണ്ടായത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.