ഇത്തവണ പാർലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ പാർലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സർക്കാർ. രോഗ വ്യാപനം ഒഴിവാക്കാൻ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി നൽകിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.

എല്ലാ പാർട്ടി നേതാക്കളുമായും താൻ ചർച്ച നടത്തിയെന്നും കൊറോണ കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കൊറോണ വ്യാപനത്തിനിടെ സെപ്റ്റംബറിൽ മൺസൂൺ സമ്മേളനം ചേർന്നിരുന്നു. നിലവിലെ പ്രതിഷേധങ്ങൾക്ക് കാരണമായ മൂന്ന് കാർഷിക ബില്ലുകളടക്കം 27 സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കുകയുണ്ടായി.