വാങ്കെ വാങ്കെ, രുസിയാന സിക്കൻ സാപ്പിട്ടുപോങ്കെ; ആവി പറക്കുന്ന ചായ പിന്നെ സെൽഫിയെടുക്കാം

സേലം: പണ്ടൊക്കെ ഭക്ഷണം കഴിക്കാനാണ് ആളുകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സെൽഫിയെടുക്കാനാണു കൂടുതൽ പേരും വരുന്നത്. പറയുന്നത് മറ്റാരുമല്ല. ഇന്ത്യൻ ക്രിക്കറ്റിലെ യോർക്കർ കിങ് ‘നട്ടു’വെന്ന ടി. നടരാജന്റെ മാതാപിതാക്കൾ. നടരാജന്റെ യോർക്കറുകൾക്ക് എരിവ് ഇത്തിരി കൂടുതലാണെങ്കിലും മാതാപിതാക്കളുടെ തട്ടുകകയിൽ ഭക്ഷണത്തിൽ എല്ലാം പാകത്തിലാണ്.

നെയ്ത്ത് കുടുംബത്തിൽപെട്ട തങ്കരസുവും ശാന്തയും രാവിലെ കുലത്തൊഴിലും വൈകുന്നേരങ്ങളിൽ തട്ടുകട നടത്തിയുമാണ് തങ്ങളുടെ 5 മക്കളെയും വളർത്തിയത്. മൂത്തമകൻ നടരാജനിലായിരുന്നു എല്ലാ പ്രതീക്ഷയും. ക്രിക്കറ്റുമായി നടന്ന് മകൻ ജീവിതം നശിപ്പിക്കുമെന്നു പലരും പറഞ്ഞെങ്കിലും ‘അവന്റെ ഇഷ്ടം അവൻ പിന്തുടരട്ടെ’ എന്നായിരുന്നു തങ്കരസുവും ശാന്തയും അവർക്കു മറുപടി നൽകിയത്.

ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ജഴ്സിയിൽ നടരാജന്റെ അരങ്ങേറ്റ മത്സരം ടിവിയിൽ കണ്ട് ‘നീ സാധിച്ചിട്ടേ റാസാ (ഒടുവിൽ നീ അതു നേടി മകനേ)’ എന്നു പറഞ്ഞു കരഞ്ഞ ആ അമ്മയുടെ മുഖം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണു നനയിച്ചു.

‘വാങ്കെ വാങ്കെ, രുസിയാന സിക്കൻ സാപ്പിട്ടുപോങ്കെ..’ സേലം –ബെംഗളൂരു ദേശീയപാതയിലെ ടോൾഗേറ്റിൽനിന്നു രക്ഷപ്പെടാൻ ചിന്നപ്പംപെട്ടിവഴി തിരിഞ്ഞുപോകുന്ന ലോറി ഡ്രൈവർമാർക്ക് ഈ ശബ്ദം പരിചിതമാണ്. ആവി പറക്കുന്ന നാടൻ ചില്ലി ചിക്കനുമായി യാത്രക്കാരെ കാത്തിരിക്കുന്ന തങ്കരസു– ശാന്ത ദമ്പതികളാണ് ഈ വിളിക്കു പിന്നിൽ.

18 വർഷമായി തങ്കരസുവിന്റെയും ശാന്തയുടെയും രുചിക്കൂട്ടുകൾ ചിന്നപ്പംപെട്ടിക്കാർക്കു സുപരിചിതമാണ്. ആദ്യകാലങ്ങളിൽ ഉന്തുവണ്ടിയിൽ ഭക്ഷണം വിറ്റിരുന്ന ഇവർ ഇപ്പോൾ വീടിനോടുചേർന്ന് തട്ടുകട നടത്തുന്നു. മകൻ ഉയരങ്ങൾ കീഴടക്കുമ്പോഴും തട്ടുകട വിട്ടുകളയാൻ ഇവർ ഒരുക്കമല്ല. 3 പെൺമക്കളുടെ കല്യാണം കൂടി കഴിയുംവരെ കട നടത്തിക്കൊണ്ടു പോകുമെന്ന് ഇവർ പറയുന്നു.