ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് നാളെ കര്‍ഷകര്‍ക്കൊപ്പം നിരാഹാരസമരം നടത്തുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.പുതിയ നിയമങ്ങള്‍ രാജ്യത്തിന് അപകടമാണ്. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യമാണ് താന്‍ ഇവിടെ പ്രകടിപ്പിക്കുന്നത്. എല്ലാ ആം ആദ്മി പ്രവര്‍ത്തകരും നിരാഹാര സമരത്തെ പിന്തുണക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡെല്‍ഹി ചലോ’ പ്രതിഷേധം അതിശക്തമാകുകയാണ്. ഡെല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയില്‍ കര്‍ഷകര്‍ നാളെ നിരാഹാരമിരിക്കും. അതേസമയം, കര്‍ഷക സംഘടനകളുടെ രണ്ടാം ഘട്ട ഡെല്‍ഹി ചലോ മാര്‍ച്ച് തടഞ്ഞ് പോലീസ്. ഹരിയാന അതിര്‍ത്തിയിലാണ് മാര്‍ച്ച് തടഞ്ഞത്. രാജ്സ്ഥാനിലെ കോട്ട് പുത്തേലിയില് നിന്നും ഹരിയാന അതിര്‍ത്തിയായ ഷജഹാന്പുരിലേക്ക് നൂറ് കണക്കിന് കര്‍ഷകരാണ് മാര്‍ച്ച് നടത്തിയത്.
പോലീസ് തടഞ്ഞതോടെ കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഷാജഹാന്‍പൂരില്‍ കനത്ത സുരക്ഷയാണ് ഹരിയാന പോലീസ് ഒരുക്കിയിരിക്കുന്നത്. പോലീസിനെ കൂടാതെ അര്‍ധസൈനികരും രംഗത്തുണ്ട്.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെല്‍ഹി -ജയ്പൂര്‍ ഡെല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും.