പുതിയ പാർലമെന്റ് കെട്ടിടം; കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കമൽഹാസൻ

ചെന്നൈ: പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി കമൽഹാസൻ. കൊറോണ വ്യാപനം മൂലം ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചിലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന ചോദ്യമാണ് കമൽ ഹാസൻ ഉന്നയിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് പാർലമെന്റ് കെട്ടിട വിഷയത്തിൽ കമൽ ചോദ്യമുന്നയിച്ചത്. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം എന്നും കമൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ചൈനയിലെ പഴയ ഭരണകാലത്തെ പരാമർശിച്ചുകൂടിയായിരുന്നു കമലിന്റെ വിമർശനം.

‘ചൈനയിൽ വൻമതിൽ പണിയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിൽ എന്നാണ് എന്നും കമൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ എതിർത്തും കമൽ സംസാരിച്ചിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമൽ അന്ന് താരതമ്യം ചെയ്തു. കർഷക സമരങ്ങളെ അനുഭാവ പൂർവ്വം പരിഗണിക്കാതെ മോദി വാരാണസി സന്ദർശനം നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കമലിന്റെ പരാമർശം.