പമ്പ: ശബരിമലയില്‍ കൊറോണ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയിൽ 36 പേർക്ക് കൊറോണ കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരന് എന്നിവർക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരുഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.
പമ്പയിലും നിലക്കലിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു.
അതേസമയം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധകണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കവേണ്ടെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നത്. ജീവനക്കാരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
അടുത്തഘട്ടത്തിന്റെ ചുമതലയുള്ള പൊലീസ് ബാച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കും. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൊറോണ പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.