മലപ്പുറം: ഭാരതപ്പുഴയോരത്തും ഗ്രാമപ്രദേശങ്ങളിലും, നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാത്രി എട്ടുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വന്‍ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടിമുഴക്കമാണെന്ന് തെറ്റിദ്ധരിച്ചതായും വീടിനു പുറത്തിറങ്ങിയപ്പോഴാണ് ഭൂചലനം എന്ന് ബോധ്യമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ചേകനൂര്‍, തവനൂര്‍, തിരൂര്‍, ആലത്തിയൂര്‍, കാലടി, ചങ്ങരംകുളം, പടിഞ്ഞാറങ്ങാടി എടപ്പാള്‍ തുടങ്ങിയ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രഭവകേന്ദ്രം മലപ്പുറത്തിന് തെക്ക് തൃശൂരിനും മലപ്പുറത്തിനും ഇടയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അക്ഷാംശം 10.97 ഡിഗ്രി വടക്കിനും രേഖാംശം 76.10 ഡിഗ്രി കിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും ഇത് തൃശൂരില്‍ നിന്ന് വടക്ക് വടക്കു പടിഞ്ഞാറ് ദിശയില്‍ 50 കി.മി അകലെയാണെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. ഇക്കാര്യം നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയും സ്ഥിരീകരിച്ചു.
ഭൂകമ്പമാപിനിയില്‍ 2.5 തീവ്രതയും രേഖപ്പെടുത്തി. വൈകിട്ട് 7.59 നാണ് ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഭൂമിക്കടിയില്‍ 10 കി.മി താഴ്ചയിലാണ് ചലനമുണ്ടായത്. തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രകമ്പനം എത്തി.
20.05 കി.മി ചുറ്റളവില്‍ ഭൂചലനത്തിന്റെ തരംഗങ്ങളെത്തി. തൃശൂര്‍ പുത്തന്‍പീടിക മുതല്‍ വടക്കോട്ടും മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കോഴിക്കോട്, കോടഞ്ചേരി, അടിവാരം വരെയുള്ള മേഖലകളിലും ഭൂചലനത്തിന്റെ തരംഗങ്ങളെത്തി. കോഴിക്കോട് മുതല്‍ തൃശൂരിലെ പുത്തന്‍പീടിക വരെയുള്ള കടല്‍, തീരദേശമേഖലകളിലും ചലനത്തിന്റെ തംഗങ്ങളെത്തി.