ന്യൂഡെൽഹി: ഡിആർഡിഒ രൂപകൽപന ചെയ്ത യന്ത്രത്തോക്കിന്റെ(Sub machine gun) പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി ഇവ പൂർണമായും സജ്ജമായതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിആർഡിഒ രൂപകൽപന ചെയ്ത ജോയിന്റ് വെൻച്വർ പ്രൊട്ടക്ടീവ് കാർബൺ (JVPC) ഗ്യാസിന്റെ സഹായത്താൽ പ്രവർത്തിക്കുന്നതും മിനിറ്റിൽ 700 റൗണ്ടിലധികം നിറയൊഴിക്കാൻ പ്രാപ്തവുമാണ്.
അത്യുഷ്ണത്തിലും അതിശൈത്യത്തിലും ഒരുപോലെ സബ് മെഷീൻ ഗൺ പ്രവർത്തനക്ഷമത തെളിയിച്ചു. നൂറ് മീറ്ററിലധികം പരിധിയുള്ള തോക്കിന് മൂന്ന് കിലോ ഗ്രാമാണ് ഭാരം.
കൃത്യത, വിശ്വസനീയത തുടങ്ങി ആഭ്യന്തര, പ്രതിരോധ വകുപ്പുകൾ മുന്നോട്ടു വെക്കുന്ന വിവിധ ഗുണനിലവാര പരീക്ഷണങ്ങൾ സബ് മെഷീൻ ഗൺ വിജയകരമായി പൂർത്തിയാക്കിയതായും സായുധസേനകൾക്കും സംസ്ഥാനപോലീസ് സംഘടനകൾക്കും ഗൺ വിതരണം ചെയ്യാനുള്ള പ്രാഥമികനടപടികൾ ആരംഭിച്ചതായും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.