കോട്ടയം: മധ്യകേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പോളിംഗ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി കേരളാ കോൺഗ്രസ് ജോസഫ്, ജോസ് പക്ഷങ്ങൾ.നേട്ടം തങ്ങൾക്കാകുമെന്ന അവകാശവാദമാണ് രണ്ടു പക്ഷവും ഉയർത്തുന്നത് . കരുത്ത് കാട്ടാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇരുവിഭാഗവും. പോളിംഗ് ശതമാനം വർധിച്ചത് അനുകൂല ഘടകമെന്ന് ഇരുകൂട്ടരും വിലയിരുത്തുന്നു.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇടുക്കിയിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ഉണ്ടായ പോളിങ് ശതമാന വർധനയുടെ തുടർച്ചയാണ് കോട്ടയത്തും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രകടമായത്. 2015 ൽ 79 ശതമാനമായിരുന്നു പോളിങ്.
2015 ൽ മുന്നണിയിലെ പടലപ്പിണക്കങ്ങളും സൗഹൃദമത്സരവുമെല്ലാം കേരള കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെയാണ് മത്സരം. അർഹതപ്പെട്ട സീറ്റുകൾ യുഡിഎഫ് ജോസഫ് പക്ഷത്തിനും ഇടതുമുന്നണി ജോസ് വിഭാഗത്തിനും നൽകിയിരുന്നു.
എന്നാൽ വിമതശല്യവും പ്രചാരണത്തിലെ പോരായ്മകളും ജോസഫ് പക്ഷത്തിന് തിരിച്ചടിയാകാൻ ഇടയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. യുഡിഎഫിൽ നിന്ന് ജോസഫ് വിഭാഗത്തിന് സീറ്റുകൾ ഏറെ ലഭിച്ചെങ്കിലും പലയിടങ്ങളിലും ശക്തമായൊരു മൽസരം കാഴ്ചവയ്ക്കാൻ ഇവർക്കായില്ലെന്ന് ആക്ഷേപം ഉണ്ട്.
ജോസ്പക്ഷത്തിൻ്റെ ഇടതുപ്രവേശനം യുഡിഎഫിനെ ബാധിക്കില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധമാണ് പോളിങ് വർധനക്ക് കാരണമെന്നും ഉമ്മൻചാണ്ടി പറയുന്നു.
അതേസമയം കെഎം മാണിയെ കോഴമാണിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന ഇടതുപക്ഷത്തിനൊപ്പം നിലനിൽപ്പിനായി കൂട്ടുകൂടേണ്ടി വന്നതിൻ്റെ സാഹചര്യം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നത് ജോസ് വിഭാഗത്തിനും പരീക്ഷണമായിരുന്നുവെന്ന് വിലയിരുത്തലുണ്ട്. ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജോസ്പക്ഷത്തിൻ്റെ വരവ് മുന്നണിക്ക് മുമ്പെങ്ങും ലഭിക്കാത്ത വിജയം സമ്മാനിക്കുമെന്ന് ഇടതു നേതാക്കൾ വിലയിരുത്തുന്നു.
ജോസഫ് പക്ഷവും ആത്മവിശ്വാസത്തിലാണ്. ജോസ് പക്ഷം പോയതുകൊണ്ട് യുഡിഎഫിന് നഷ്ടം സംഭവിക്കില്ലെന്നും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ഉണ്ടായ പോളിങ് ശതമാനത്തിലെ വർധന ഇടതുമുന്നണിക്ക് കാര്യമായ പ്രയോജനം ഉണ്ടാക്കില്ലെന്നും ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറയുന്നു.
കൊറോണ നിയന്ത്രണങ്ങൾക്കിടയിലും ഉണ്ടായ േപാളിങ് വർധന കൂടുതൽ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.