എടപ്പാൾ: പാസ്പോർട്ട് നഷ്ടമായി വിദേശത്ത് കുടങ്ങിയ മലയാളി തിരിച്ചെത്തി. 36 വർഷം മുൻപ് വിദേശത്ത് തൊഴിൽതേടി പോയ ബാലകൃഷ്ണനാണ് നാടണഞ്ഞത്. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണി കൊടക്കല്ലിങ്ങൽ കേശവൻ–കാളിക്കുട്ടി ദമ്പതികളുടെ മകൻ ബാലകൃഷ്ണൻ (65) ആണ് ദീർഘകാലത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയത്. സുഹൃത്തിന്റെ സഹായത്തോടെയാണ് വർഷങ്ങൾക്ക് മുൻപ് ബാലകൃഷ്ണൻ വിദേശത്തേക്കു പോയത്.
ബഹ്റൈനിൽ എത്തിയ ബാലകൃഷ്ണൻ വിവിധ ഇടങ്ങളിൽ ജോലിചെയ്തു. ആദ്യഘട്ടത്തിൽ ചെറിയ തുക നാട്ടിലേക്ക് അയച്ചിരുന്നു. പാസ്പോർട്ടും അനുബന്ധ രേഖകളും കൈവശം ഇല്ലാത്തതിനെ തുടർന്ന് പിന്നീട് വീടുമായുള്ള ബന്ധം അറ്റു. മകന്റെ വരവ് കാത്തിരുന്ന മാതാപിതാക്കൾ ഇതിനിടെ മരിച്ചു.
ഒപ്പം കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശികളോട് നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം പങ്കുവച്ചതിനെ തുടർന്ന് ഇവർ കെഎംസിസി അധികൃതരുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. തുടർന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയത്.