തിരുവനന്തപുരം: സ്പീക്കറുടെ വിദേശയാത്രകൾ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ സ്പീക്കറിൽനിന്ന് വിശദാംശങ്ങൾ തേടാനൊരുങ്ങുന്നതായി സൂചന. സ്പീക്കര് പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ഒരുവർഷത്തിനിടെ ഒമ്പത് തവണയാണ് വിദേശയാത്ര നടത്തിയത്. കൂടുതലും ഗൾഫ്രാജ്യങ്ങളിലേക്കായിരുന്നു.
സ്പീക്കറുടെ ഓഫീസിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്. എല്ലാ ഔദ്യോഗിക മാനദണ്ഡങ്ങളും പാലിച്ചായിരുന്നു യാത്രകളെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയുമാണ് വിദേശത്തേക്ക് പോയതെന്നാണ് രേഖ വ്യക്തമാക്കുന്നത്.
ഔദ്യോഗിക ആവശ്യത്തിന് പോയ വകയിൽ 5,10,859 രൂപയാണ് ടി.എ, ഡി.എ ഇനത്തിൽ വാങ്ങിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ 2020 ജൂൺ അവസാനംവരെ സ്പീക്കർ നടത്തിയ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങളാണ് രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞവർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെ അദ്ദേഹം നടത്തിയ യാത്രകളാണ് മറുപടിയിൽ നൽകിയിട്ടുള്ളത്.
ലോകകേരള സഭയുടെ ഗൾഫ് മേഖലാ യോഗത്തിൽ പങ്കെടുക്കാനാണ് 2019 ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിച്ചത്. ഏപ്രിലിൽ സൗദിയിലെ പ്രവാസി കൂട്ടായ്മയിൽ പങ്കെടുത്തു. മേയിൽ കുവൈത്തിലെ സംഘടനയുടെ പരിപാടിയിലും പങ്കെടുത്തു. സെപ്റ്റംബറിൽ ബഹ്റൈനിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനായിരുന്നു യാത്ര.ഒക്ടോബറിൽ ദുബൈയിൽ നടന്ന വ്യവസായ സംരംഭകരുടെ യോഗത്തിലും പങ്കെടുത്തു.
ഡിസംബറിൽ ദോഹയിലെ സ്കൂൾ ഉദ്ഘാടനത്തിലും ഈ വർഷം ജനുവരിയിൽ ദുബൈയിലെ സ്വകാര്യ ചടങ്ങിലും പങ്കെടുത്തതായാണ് മറുപടി വ്യക്തമാക്കുന്നത്. എന്നാൽ കുടുംബപരമായ ആവശ്യങ്ങൾക്കുള്ള സന്ദർശനം എന്തായിരുന്നെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സ്പീക്കറുടെ യാത്രകൾ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. അതിനുപുറമെ മറ്റ് ചില മന്ത്രിമാരുടെ യാത്രകളും പരിശോധിക്കുന്നെണറിയുന്നത്. നേരത്തെ മന്ത്രി കെ.ടി. ജലീലിൻ്റെ വിദേശയാത്രകൾ സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തിൽനിന്ന് കേന്ദ്ര ഏജൻസികൾ തേടിയിരുന്നു.