അടിമാലി: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ച് അടിമാലിയില്‍ കുടുംബത്തിലെ നാലുപേര്‍ വോട്ടുചെയ്തു. അടിമാലി വിവേകാനന്ദ പബ്ലിക് സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം.
അടിമാലിയിലെ താലൂക്ക്തല സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയും ഇവരുടെ അമ്മയും കൂടാതെ മറ്റൊരു വീട്ടിലെ ബന്ധുക്കളായ രണ്ടുപേരുമാണ് കൊറോണ രോഗികളായിട്ടും പിപിഇ കിറ്റ് ധരിക്കാതെയെത്തി വോട്ടുചെയ്തത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന എട്ടിനായിരുന്നു സംഭവം.
വിഷയം ശ്രദ്ധയില്‍പെട്ടിട്ടും പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞില്ലെന്നും ഒത്താശ ചെയ്തെന്നും പറയുന്നു. വൈകീട്ട് അഞ്ചിനുശേഷം പിപിഇ കിറ്റ് ധരിച്ച് എത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു അനുമതി.
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നതും ഉപയോഗപ്പെടുത്താതെയാണ് ഇവര്‍ ബൂത്തില്‍ നേരിട്ടെത്തി സമ്മതിദാനം വിനിയോഗിച്ചത്.