തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെമുതൽ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണുള്ളത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 98,57,208 വോട്ടർമാരാണ് വിധിയെഴുതുന്നത്.
451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതിൽ 57,895 പേർ കന്നി വോട്ടർമാരാണ്. 12,643 ബൂത്താണ് വോെട്ടടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.
63,187 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. സ്ഥാനാർഥികളുടെ മരണത്തെതുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപറേഷനിലെ പുല്ലഴി (47) വാർഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊറോണ പോസിറ്റിവ് ആകുന്നവർക്കും ക്വാറൻറീനിൽ പ്രവേശിക്കുന്നവർക്കും ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി നേരിട്ടെത്തി വോട്ടുചെയ്യാം.
ആദ്യഘട്ടത്തിലെ മികച്ച പോളിങ് ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. മുന്നണികളുടെ ബലാബലം പരീക്ഷിക്കപ്പെടുന്നതിനൊപ്പം പിളർന്ന കേരള കോൺഗ്രസ് വിഭാഗങ്ങളുടെ അവകാശവാദങ്ങളിലെ മാറ്റുരയ്ക്കൽ കൂടിയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ യു.ഡി.എഫ് വലിയ ആത്മവിശ്വാസം വച്ചുപുലര്‍ത്തുമ്പോള്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നില മെച്ചപ്പെടുത്താനാകുമെന്നാണ് ബിജെപി വാദം. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലും പ്രകടനം മികച്ചതാകുമെന്ന് യുഡിഎഫ് പറയുന്നു.
എന്നാല്‍, അഞ്ചു ജില്ലകളിലും കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം ഉണ്ടാകുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഇടതുമുന്നണി.