മലപ്പുറം: എഴുപതു വയസ്സുള്ള പിതാവിനെ ഏറ്റെടുത്ത് സംരക്ഷിക്കാൻ വിസമ്മതിക്കുന്ന ഭാര്യക്കും മക്കൾക്കുമെതിരെ കേസെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശി അൻസാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ പിതാവിന്റെ സഹോദരൻ മുഹമ്മദിന്റെ സംരക്ഷണം നിർവഹിക്കുന്നത് പരാതിക്കാരനാണ്. സംരക്ഷണം മുഹമ്മദിന്റെ ഭാര്യയും മക്കളും ഏറ്റെടുക്കണമെന്നാണ് ആവശ്യം.
പരാതിക്കാരന് വയോധികനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. കമ്മിഷൻ സാമൂഹിക നീതി ജില്ലാ ഓഫിസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. മുഹമ്മദിന് പ്രായാധിക്യം കാരണമുള്ള പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും ഭാര്യയും രണ്ട് പെൺമക്കളും മുഹമ്മദിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മിഷൻ അംഗം വികെ ബീനാകുമാരിയുടേതാണ് ഉത്തരവ്. പ്രായംചെന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ വിസമ്മതിക്കുന്നത് സാക്ഷര കേരളത്തിന്റെ അപചയത്തിനുള്ള ഉദാഹരണമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഇതിനെതിരെ ബോധവത്കരണവും നിയമ നടപടിയും സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.