ലാഭമുണ്ടാക്കേണ്ട! ; സിബിഎസ്ഇ സ്‌കൂളുകളിൽ ഫീസ് നിർണയത്തിന് സർക്കാർ സംവിധാനം ഏർപ്പെടുത്തണം: ഹൈക്കോടതി നിർദേശം

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിർണയത്തിന് സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ലാഭമുണ്ടാക്കുന്ന തരത്തിൽ ഫീസ് വാങ്ങാൻ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്.സ്‌കൂളുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കണം.

സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയുടെ നേരത്തെയുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കഴിഞ്ഞ ദിവസം സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കൊറോണ കാലത്ത് സ്‌കൂളുകൾ ഉയർന്ന ഫീസ് ആവശ്യപ്പെടുന്നതായുള്ള പരാതികളിലാണ് കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്.സിബിഎസ്ഇ സകൂളുകളിലെ ഫീസ് നിർണയിക്കുന്നതിന് സർക്കാർ തലത്തിൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

സ്‌കൂളുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണം. വിഷയത്തിൽ ഇടപെടാനാകില്ലെന്ന സിബിഎസ്ഇ നിലപാടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു മാനേജ്മെന്റും ഈ അധ്യയന വർഷം സ്‌കൂൾ നടത്തിക്കൊണ്ട് പോകാൻ ചെലവാകുന്ന യഥാർത്ഥ തുകയേക്കാൾ അധികം തുക ഫീസായി വാങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. കൊറോണ എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാൽ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തിൽ ഫീസ് ഈടാക്കാൻ അനുവദിക്കില്ല.

കൊറോണ സാഹചര്യത്തിൽ ഓരോ സ്‌കൂളും വിദ്യാർത്ഥിക്ക് നൽകുന്ന സൗകര്യങ്ങൾ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. തുടർന്നാണ് ഇന്ന് ഹൈക്കോടതി ഫീസ് നിർണയിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചത്.