കൊച്ചി: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫസർ എസ് സീതാരാമൻ (74) അന്തരിച്ചു. കേരളത്തിലെ ജലാശയങ്ങളുടേയും, നദികളുടേയും വനങ്ങളുടേയും സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു പ്രൊഫ. എസ് സീതാരാമൻ എന്ന
സീതാരാമൻ ശങ്കരനാരായണ അയ്യർ.
ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ സ്ഥാപകനാണ്. 1946-ൽ എറണാകുളം ജില്ലയിലെ കൂവപ്പടിയിൽ ജനിച്ചു. കാലടി ശ്രീശങ്കര കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം 1969-ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും എം.എസ്.സി. ബിരുദം നേടി. 1970-ൽ കാലടി ശ്രീശങ്കര കോളേജിൽ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു. പെരിയാർ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
ആലുവ ശിവരാത്രി മണപ്പുറത്തിനടുത്ത് പോഷകനദിയായ മംഗലപ്പുഴയുടെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിന് കൈക്കൊണ്ട വനവൽക്കരണ പദ്ധതിക്ക് നേതൃത്വം വഹിച്ചു. പെരിയാർ നദിയിൽ അനധികൃത മണൽ എടുപ്പ് തടഞ്ഞ്, നദീജലത്തിൽ ലോഹാംശം കലരുന്നുണ്ടോയെന്ന് പരിശോധിക്കാൻ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്