കൊറോണ വാക്സീനുകൾക്ക് വൈകാതെ അനുമതി നൽകാൻ കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കൊറോണ വാക്സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകിയേക്കും. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യൻ കമ്പനികൾ. ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനി അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല നിർമിച്ച കോവിഷീൽഡ് വാക്സീന്റെ ഇന്ത്യയിലെ ഉൽപാദന– പരീക്ഷണ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യൻ സ്ഥാപനം.

ഫ്രിഡ്ജിലെ താപനിലയിൽ സൂക്ഷിക്കാമെന്നതാണ് കോവിഷീൽഡിന്റെ ഗുണം. ഇന്ത്യയിൽ നിർമിക്കുന്നതു കൊണ്ടുതന്നെ വിലയും താരതമ്യേന കുറവാണ്.
മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകും. ആദ്യ പരിഗണന ആരോഗ്യ പ്രവർത്തകർക്കെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്സീൻ വിതരണപദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കൊറോണ വാക്സീനായ കോവാക്സിൻ വികസിപ്പിച്ചത്. അമേരിക്കൻ കമ്പനിയായ ഫൈസറും വാക്സീന് ഇന്ത്യയിൽ അനുമതി തേടിയിരുന്നു. എന്നാൽ, ഫൈസറിൻറെ വാക്സീൻ വളരെയധികം താഴ്ന്ന താപനിലയിൽ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് നിലവിൽ പ്രാവർത്തികമല്ല.