അബുദാബി: വാട്സ്ആപും ഫേസ്ടൈമും അടക്കം ചില വോയിസ് ഓവർ ഇന്റർനെറ്റ് സേവനങ്ങൾക്ക് യുഎഇയിൽ നിലനിൽക്കുന്ന വിലക്ക് നീക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി തലവൻ അറിയിച്ചു. അതേസമയം മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ്പ് തുടങ്ങിയവ ഇപ്പോൾ വിദൂര വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി രാജ്യത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഞായറാഴ്ച ജി.സി.സി സൈബർ സെക്യൂരിറ്റി കോൺഫറൻസിലാണ് യുഎഇ സർക്കാറിന്റെ സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ മുഹമ്മദ് അൽ കുവൈത്തി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു.
പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപിന്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം സേവനങ്ങൾക്കുള്ള വിലക്ക് നീക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇക്കാര്യങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.
ഇതിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.എന്നാൽ വാട്സ്ആപ്, ഫേസ്ടൈം തുടങ്ങിയവയുടെ ഓഡിയോ, വീഡിയോ കോളുകൾക്കുള്ള വിലക്ക് അതേപടി നിലനിൽക്കുകയുമാണ്.