തദ്ദേശതെരഞ്ഞെടുപ്പ്; ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് ചെന്നിത്തല; ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ച തിന് പിന്നാലെ ആത്മവിശ്വാസത്തിൽ മുന്നണികൾ. കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപിയെ ജനം പിന്തുണക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനാണ് ജന പിന്തുണയുള്ളത്. വൻ വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തിരഞ്ഞെടുപ്പിന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലം കോർപ്പറേഷനിലും ജില്ലയിലാകെയും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫ് എംപിയുടെ പ്രതീക്ഷ.

അതേസമയം, തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊറോണ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി എന്നും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കുമെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് നഗരസഭയിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊറോണ നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.