ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഒരു ലജ്ജയുമില്ലാതെ ഇരട്ട നിലപാടാണ് പ്രതിപക്ഷവും മറ്റു രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾ എടുത്തുചാടുകയായിരുന്നു. നരേന്ദ്ര മോദി സർക്കാർ കാർഷിക മേഖലയിലെ പരിഷ്കരണത്തിനായി ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾത്തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ചെയ്തത്.
അവർ മുൻപ് ചെയ്ത കാര്യങ്ങൾ മറന്നിട്ട്, പ്രതിപക്ഷം എതിർക്കാൻവേണ്ടി മാത്രം എതിർക്കുകയാണ്. കോൺഗ്രസിന്റെ 2019ലെ പ്രകടനപത്രികയിൽ എപിഎംസി നിയമം റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ കാർഷിക നിയമത്തെ എതിർക്കുന്ന ശരദ് പവാർ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നതായും രവിശങ്കർ പ്രസാദ് പറഞ്ഞു.