ജയ്പൂർ: കൊറോണ ബാധിച്ച വധു വിവാഹത്തിന് എത്തിയത് പിപിഇ കിറ്റണിഞ്ഞ്. വിവാഹവേദിയായത് കൊറോണ സെൻ്ററും. വധുവിന് കൊറോണ ബാധിച്ചതോടെയാണ് രാജസ്ഥാനിലെ കെല്‍വാര കൊറോണ സെന്‍റര്‍ വിവാഹ വേദിയായത്. കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം.
വധുവിനോ വരനോ കൊറോണ ബാധിച്ചതിന്‍റെ പേരില്‍ കല്യാണം മാറ്റിവയ്ക്കുന്നത് വർധിക്കുമ്പോഴാണ് വ്യത്യസ്തമായ ഈ വിവാഹം. പട്ടുടുപ്പോ ആടയാഭരണങ്ങളോ ഇല്ല, പകരം പിപിഇ കിറ്റ് ധരിച്ച് കല്യാണം. ചടങ്ങില്‍ പങ്കെടുത്ത പൂജാരിയും ബന്ധുവും പിപിഇ കിറ്റ് ധരിച്ചിരുന്നു. ഈ കൊറോണ കല്യാണമെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് .
വേണേല്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറഞ്ഞപോലെ കൊറോണ ബാധിച്ചാലും കല്യാണം കഴിക്കാമെന്ന് മനസിലായല്ലോ. കൊറോണ കാലത്തെ പലതരത്തിലും നമ്മള്‍ അതിജീവിക്കുന്നുവെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ കല്യാണം.