ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജി ഹൈക്കോടതി ഡിസംബർ പതിനൊന്നിലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിന്റെ ഹർജിയിൽ സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശം നൽകി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

അതേസമയം, തന്റെ ജാമ്യഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വികെ ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുമായി വന്നതുകൊണ്ടാണ് മുന്‍കൂര്‍ തുക ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയത്. കൂടാതെ ഗുരുതര രോഗത്തിനാണ് ചികിത്സയിലുള്ളത്. മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ല. കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ച് ആണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം പതിനെട്ടിനാണ് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്തത്. പാലം നിര്‍മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം അനുവദിച്ചുവെന്നതാണ് മുന്‍മന്ത്രിക്കെതിരായ കുറ്റം. കോടതിയുടെ അനുമതിയോടെ നേരത്തെ വിജിലൻസ് ആശുപത്രിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.