പുതിയ പാർലിമെൻ്റ് മന്ദിരശിലാസ്ഥാപനമാകാം; നിർമ്മാണം തൽക്കാലം നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ പാർലമെൻ്റ് മന്ദിര നിർമാണ പദ്ധതിയിൽ (സെൻട്രൽ വിസ്താ പദ്ധതി ) സുപ്രീം കോടതിയുടെ നിർണായക വിധി. പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങളോ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവ്.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാനും ഡിസംബർ പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.

നിർമാണ പദ്ധതിയുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പദ്ധതിക്ക് സ്റ്റേ ഏർപ്പെടുത്തിയില്ലെന്നതിന് അർഥം മുന്നോട്ടുപോകാമെന്നല്ലെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് വ്യക്തമാക്കി.

ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി.

രാഷ്ട്രപതിഭവൻ ഇപ്പോഴത്തേതുതന്നെ തുടരുകയും നിലവിലെ പാർലമെന്റ് മന്ദിരം, നോർത്ത്- സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തുകയും ചെയ്യും. രാഷ്ട്രപതിഭവൻ, ഉപരാഷ്ട്രപതിഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.

പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡെൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെതിരേ 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റി മുൻ വൈസ് ചെയർമാൻ വിഎസ് ഐലാവദി, പ്രസാർ ഭാരതി മുൻ സിഇഒ ജവഹർ സിർക്കാർ തുടങ്ങിയ മുൻ ഐഎഎസ്., ഐപിഎസ്., ഐഎഫ്എസ്. ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചത്. പദ്ധതി ഈ മേഖലയുടെ പൈതൃകസ്വഭാവംതന്നെ നഷ്ടപ്പെടുത്തുമെന്നും വലിയ പാരിസ്ഥിതികാഘാതമേൽപ്പിക്കുമെന്നും കത്തിൽ പറഞ്ഞു. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിക്കും കത്തിന്റെ പകർപ്പയച്ചിട്ടുണ്ട്.