അമരാവതി: ആന്ധ്രാപ്രദേശിൽ ക്ലാസ്മുറിയിൽവച്ച് സഹപാഠിയെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടിൽ കയറ്റാതെ മാതാപിതാക്കൾ. കൗൺസിലിങ്ങിനായി പെൺകുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയുടെ കുടുംബവുമായും കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നും അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് പെൺകുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷൻ അഭയം നൽകി.
ആന്ധ്രാപ്രദേശിലെ രാജമുണ്ടേരിയിലുള്ള സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. നവംബർ ആദ്യവാരമാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു താലികെട്ട്.
ആളൊഴിഞ്ഞ ക്ലാസ് മുറിയിലായിരുന്നു വിവാഹം. ആരെങ്കിലും വരുന്നതിന് മുൻപ് വേഗം താലികെട്ടാൻ വിഡിയോ പകർത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻരോഷം ഉയർന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു.