പെരിയ കൊലക്കേസ് ഘാതകരെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച മുഖ്യമന്ത്രി മറുപടി പറയണം: ഉമ്മൻചാണ്ടി

കാസർകോട്: കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

പ്രതികളെ സംരക്ഷിക്കാന്‍ ഇടത്‌ സര്‍ക്കാര്‍ നീതി നിഷേധിക്കാനാണ് ശ്രമിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ നമ്മുടെ നാട് കടന്നുപോകുമ്പോഴാണ് സർക്കാർ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീംകോടതി വിധി നീതിയുടെ വിജയമാണ്. രണ്ട് കുടുംബങ്ങളുടെയും കണ്ണീരിന്റെ ഫലമാണ് ഈ കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്തെ സാമൂഹിക പെന്‍ഷൻ വർധന സംബന്ധിച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യമായി കിടക്കുന്ന വസ്തുതകള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നത് എന്തിനാണെന്ന് ഉമ്മൻചാണ്ടി ചോദിച്ചു . രണ്ടാം വര്‍ഷം വരുത്തിയ വര്‍ധന മാത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ എട്ടുകാലി മമ്മൂഞ്ഞെന്നു വിളിച്ചത്. 2013, 2014, 2016 വര്‍ഷങ്ങളില്‍ വരുത്തിയ വര്‍ധന മുഖ്യമന്ത്രി മറച്ചുപിടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.