കൊവാക്സിൻ എടുത്ത മന്ത്രിക്ക് കൊറോണ ; വിശദീകരണവുമായി ഭാരത് ബയോടെക്

ചണ്ഡിഗഢ്: പരീക്ഷണ വാക്സിനെടുത്ത ഹരിയാണ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്. ‘കൊവാക്സിൻ’ എന്ന വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കാൻ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു.

” 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് ഷെഡ്യൂൾ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് “- ഭാരത് ബയോടെക് പ്രസ്താവനയിൽ പറഞ്ഞു.

വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവരിൽ 50 ശതമാനം പേർക്ക് വാക്സിൻ നൽകിയതായും മറ്റുള്ളവർക്ക് പ്ലാസിബൊ (placebo) ആണ് നൽകിയതെന്നും കമ്പനി കൂട്ടിച്ചേർത്തു.

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് കോവാക്സിൻ ഒരു ഷോട്ട് വാക്സിനെടുത്ത ഹരിയാണ ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്ജിനാണ് കൊറോണ സ്ഥിരീകരിച്ചത്. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബർ 20നാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്.

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.