വാളയാർ പീഡനക്കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി : വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. വാളയാർ മക്കളുടെ അമ്മയെ വിശ്വാസമാണെന്നു മുഖ്യമന്ത്രി പറഞ്ഞ വാക്ക് സത്യമാണെങ്കിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മന്ത്രി എകെബാലനും ഇവർ കത്ത് അയച്ചിട്ടുണ്ട്.

കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെടുന്ന എംജെസോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്ത് സർവീസിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ എസ്ഐടി തലവനായിരുന്ന സോജനെ എസ്പിയാക്കുകയും ഐപിഎസ് ശുപാർശ നൽകുകയും ജസ്റ്റിസ് ഹനീഫ കമ്മിഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്ഐ ചാക്കോയെ സർക്കിളാക്കുകയും ചെയ്തത് സങ്കടമുണ്ടാക്കിയെന്ന് കത്തിൽ പറയുന്നു.

കേസിൽ സിബിഐ അന്വേഷണമോ പുനരന്വേഷണമോ വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. വാളയാറിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയെന്ന കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയച്ചതിനെതിരെ പെൺകുട്ടിയുടെ മാതാവും സർക്കാരുമാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.