കൊച്ചി: വിദേശത്തേക്കുള്ള ഡോളര്‍ കടത്തില്‍ കൂടുതല്‍ പ്രമുഖര്‍ക്കു പങ്കെന്ന് കസ്റ്റംസ്. നടന്നത് ‘റിവേഴ്സ് ഹവാലയാണെന്നും കസ്റ്റംസ്. റിവേഴ്സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെയെത്തിക്കുന്നതാണ് ഹവാല.സ്വപ്നയും സംഘവും സ്വര്‍ണക്കടത്തുവഴി സമ്പാദിച്ച പണം ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനെയും ഡ്രൈവര്‍ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിനൊപ്പം വിദേശത്തേക്കുള്ള ഡോളര്‍ കടത്തും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎംരവീന്ദ്രന് ഇഡിയുടെ നോട്ടീസ്. ഡിസംബര്‍ 10ന് ചോദ്യം ചെയ്യലിന് ഹാജരാവണം എന്നാണ് നോട്ടിസ്. മൂന്നാം തവണയാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ചയാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്, കെ ഫോണ്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കു കൂടി പങ്കുണ്ടെന്ന നിഗഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിട്ടുള്ളത്.