തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയിട്ടുള്ളത്.
സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്.
യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവർ സിദ്ദീഖിനേയും നിലവിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്തിനൊപ്പം തന്നെ വിദേശത്തേക്കുള്ള ഡോളർ കടത്തും കസ്റ്റംസ് വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്.
പല പ്രമുഖരുടേയും പണം ഡിപ്ലോമാറ്റിക് ചാനൽ വഴി വിദേശത്തേക്കെത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാൽ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവർ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളിൽ നിന്ന് കസ്റ്റംസ് വാഹനത്തിൽ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ജയഘോഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വളരെ നിർണായകമായ ചോദ്യം ചെയ്യലാണിതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.