ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച 25 ലക്ഷത്തിൻ്റെ ചരസുമായി യുവാവ് പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് 25 ലക്ഷം രൂപ വിലവരുന്ന ചരസുമായി യുവാവിനെ പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് റഷീബാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 25 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.