രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസി ജീവിതത്തിന് ഒടുവിൽ മലയാളിക്ക് 24.13 കോടി സമ്മാനം

അബുദാബി: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസി ജീവിതത്തിന് ഒടുവിൽ മലയാളിക്ക് വൻതുക സമ്മാനം. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് 24.13 കോടി രൂപ ( 1.2 കോടി ദിര്‍ഹം )കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബിന് ലഭിച്ചത്. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച ഈ സമ്മാനം മലയാളി സമൂഹത്തിന് ഒന്നടങ്കം സന്തോഷം പകര്‍ന്നു.

20 വര്‍ഷമായി യുഎഇയിലുള്ള ജോര്‍ജ് ജേക്കബ് ദുബായില്‍ മെഡിക്കല്‍ ഉപകരണത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടാവായി ജോലി ചെയ്തുവരികയാണ്. രണ്ടു വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുത്തിരുന്നു. എന്നാൽ ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെ ഫലം. തുക എന്തു ചെയ്യണമെന്നു കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു പിന്നീട് തീരുമാനിക്കും.

കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളര്‍ന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തില്‍നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും പറഞ്ഞു. ഭാര്യയ്ക്കും മകള്‍ക്കും മകനുമൊപ്പമാണ് താമസം.